കണ്ണൂര്‍: വീടുകളില്‍ എയര്‍കണ്ടീഷന്‍ സ്ഥാപിച്ചതിന്റെ പേരില്‍ സാമൂഹ്യ പെന്ഷന് പദ്ധതിയില്‍ നിന്ന് അർഹതപ്പെട്ടവരെ അയോഗ്യരാക്കുന്ന നടപടി ഒഴിവാക്കണമെന്ന് കോര്പ്പറേഷന് കൗണ്‍സില്‍ യോഗം. ഇതുമായി ബന്ധപ്പെട്ട് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ റിഷാം താണ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച അടിയന്തര പ്രമേയം കൗൺസിൽ അംഗീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ റിജിൽ മാക്കുറ്റി പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു.
മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി കൗണ്‍സിലര്‍മാര്‍ അതാത് ഡിവിഷനുകളില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്ന് മേയര്‍ കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ഓടകളിലെയും തോടുകളിലെയും മണ്ണ് നീക്കം ചെയ്യണം. തൊഴിലാളികൾക്കോ ഉപകരണങ്ങൾക്കോ കുറവുണ്ടെങ്കില്‍ ഇടപെടുമെന്നും മേയര്‍ അറിയിച്ചു.
കോര്പ്പറേഷന് പരിധിയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിയുമായി അടിയന്തര യോഗം നടത്തും. പലയിടത്തും യഥാസമയം വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ നിരുത്തരവാദിത്വത്തിനെതിരേ കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി സമരം നടത്താനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
കോര്പ്പറേഷന് സൈറണ്‍ മുഴക്കം;
അപ്പീല്‍ പോകും
കണ്ണൂരിന്റെ പൈതൃകമായി തുടരുന്ന 135 വർഷം പഴക്കമുള്ള കോർപറേഷൻ സൈറണ്‍ മുഴക്കം നിർത്തലാക്കണമെന്ന ഹൈക്കോടതി വിധിയിൽ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് മേയർ അറിയിച്ചു. ആധുനികകാലത്ത് സമയം നോക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും കോര്പ്പറേഷന് സൈറണ്‍ ചരിത്രശേഷിപ്പാണ്.
ഏഴുദിവസത്തിനകം സൈറണ്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ഹൈക്കോടതി വിധി. ശബ്ദം മലിനീകരണത്തിന്റെ പേരില്‍ സൈറണ്‍ നിര്‍ത്തരുതെന്നും ചരിത്ര സംരക്ഷണത്തിനായി കോടതിയില്‍ പോകുന്നതിന് തെറ്റില്ലായെന്നും ഡെപ്യൂട്ടി മേയർ കെ.പി. താഹിര്‍ പറഞ്ഞു.
ഭാരിച്ച പണം ചെലവഴിച്ച് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകേണ്ടതുണ്ടോ ശബ്ദത്തിന്റെ തീവ്രത കുറച്ച് നിലനിര്‍ത്തിയാല്‍ പോരേ എന്ന ഭിന്നാഭിപ്രായം പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉയര്‍ന്നിരുന്നു. യോഗത്തില്‍ പി. ഷമീമ, ഉമേഷ് കണിയാങ്കണ്ടി, ലിഷ ദീപക്, വി.കെ. പ്രകാശിനി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.